കാട്ട് കോഴിക്ക് വാവും സംക്രാന്തിയും ഇല്ല എന്നത് പോലെ തന്നെയാണ് പ്രവാസികള്‍ക്ക് ഓണവും വിഷുവും ക്രിസ്തുമസും എല്ലാം . വിഷു ദിനമായ ഇന്ന് കാര്യമായ കണികള്‍ ഒന്നും ഇതുവരെ കണ്ടില്ല എങ്കിലും ദുബായില്‍ നിന്നും ദുബായി ബ്ലോഗര്‍മാരുടെതല്ലേ എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക ഉണര്‍ത്തുന്ന ഒരു പിടി കുണ്ടികള്‍ വിഷുക്കണി എന്ന പേരില്‍ സുനില്‍ പണിക്കര്‍ അയച്ച് തന്നു . കുണ്ടികളില്‍ ഒന്ന് പോലും ഐശ്വര്യമുള്ള കുണ്ടികള്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത് . കോഴിക്കോട് ഭാഗത്തുള്ള ആരെങ്കിലും ഈ വഴി വന്നാല്‍ കണ്ടില്ല , കേട്ടില്ല എന്ന മട്ടില്‍ പോയേക്കുക. നമുക്കെന്തിനാണ് വഴിയില്‍ കിടക്കുന്ന കുണ്ടാമണ്ടികള്‍ എടുത്ത് തോളേല്‍ വെയ്ക്കുന്നത് ? . ആ കണി നിങ്ങളും കണ്ണ് നിറയെ കണ്ട് ആസ്വദിക്കുവാന്‍ ഞാന്‍ ഇവിടെ പോസ്റ്റുന്നു .
വിഷുവിനെ കുറിച്ചോര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ആദ്യമോടിയെത്തുന്നത് ഇന്ന് എന്‍റെ അപ്പച്ചന്റെ ജന്മദിനം ആണല്ലോ എന്നതാണ് . അപ്പച്ചന്‍ ഇന്നില്ല എങ്കിലും മുടക്കം കുടാതെ ഇന്നും അപ്പച്ചന്റെ ജന്മദിനം ആഘോഷിക്കാറുണ്ട് . നാട്ടിലെ വീട്ടില്‍ അമ്മച്ചി പാല്‍പായസം ഉണ്ടാക്കി കാണണം .ദുബായിലും അമേരിക്കയിലും ഉള്ള മക്കള്‍ എല്ലാവരും ഈ ദിവസം ആഘോഷിക്കും .പിന്നെ ഓര്‍മ്മയില്‍ എത്തുന്നത് അപ്പച്ചന്‍ കുട്ടിക്കാലത്ത് തന്ന ഒരു വെള്ളിരൂപ നാണയം .നേരം വെളുക്കുമ്പോള്‍ തന്നെ ആദ്യം കാണുന്നതിന് വേണ്ടി കിടക്കുന്നതിന്റെ മുകളില്‍ കെട്ടിത്തൂക്കിയ കൊന്നപ്പൂക്കള്‍ എന്നിവയാണ്.
ഇവിടെയും ഞങ്ങള്‍ വിഷു ആഘോഷിച്ചു . രാവിലെ മക്കള്‍ സ്കൂളില്‍ പോകുന്നതിന് മുന്‍പേ കൊടുത്ത ഒരു ഡോളര്‍ നാണയം .വളരെ സന്തോഷത്തോട് കൂടി രണ്ട് പേരും പിഗ്ഗി ബാങ്കില്‍ ഇട്ടു. കഴിഞ്ഞ ഡിസ്നി വേള്‍ഡ് ട്രിപ്പില്‍ വാങ്ങിയതാണ് രണ്ട് പിഗ്ഗി ബാങ്കുകള്‍ . ഇടയ്ക്കിടെ രണ്ട് പേരും അപ്പനോ അമ്മയോ അതില്‍ നിന്നും അടിച്ച് മാറ്റിയിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി എണ്ണി നോക്കുന്നത് കാണാം .
ഞങ്ങള്‍ക്കിവിടെ കണിക്കൊന്നകള്‍ കണി കാണാന്‍ പോലും
കിട്ടാറില്ല .നമ്മുടെ നാട്ടിലെ പോലെ ഏപ്രില്‍ മാസത്തില്‍ മാത്രം പൂക്കുന്ന ഏപ്രില്‍ ലില്ലിയെ പോലെ ഇവിടെയും ഏപ്രില്‍ മാസത്തില്‍ പൂവിടുന്ന ടുലിപ് പൂക്കള്‍ ധാരാളം കണി കാണാന്‍ കിട്ടി. മുറ്റത്ത് ചട്ടിയില്‍ വെറുതെ കഴിഞ്ഞ വര്‍ഷം കുഴിച്ചിട്ട ടുലിപ് ഉള്ളി , ഈ വര്‍ഷം പൂത്തു . സാധാരണ ടുലിപ് പൂക്കള്‍ ചട്ടിയില്‍ വളരാറില്ല . അതിന് നല്ലത് മണ്ണില്‍ തന്നെ കുഴിച്ചിടുകയാണ് പതിവ്.
എന്‍റെ മുറ്റത്ത് വിടര്‍ന്ന
ടുലിപ് പൂവിന് ഒരു കഥ പറയുവാനുണ്ട് .കഴിഞ്ഞ വര്‍ഷം സുനിതയെ കാണാന്‍ ലോണാ എന്ന കൂട്ടുകാരി വന്നപ്പോള്‍ കൊണ്ടുവന്നതാണ് ആ ടുലിപ് പൂക്കള്‍ . ലോണാ ഇന്നില്ല . കഴിഞ്ഞ വര്‍ഷം തന്നെ കാന്‍സര്‍ രോഗം അവളെ കൊണ്ട് പോയി . കടുത്ത വേദനകളിലും ഇങ്ങനെ ചിരിക്കാന്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല . സുനിതയെ കാണുവാന്‍ ഒരു പക്ഷേ ടുലിപ് പൂക്കളായി ലോണാ വരികയുമാകാം .
ഇവിടെ മരങ്ങള്‍ , ചെടികള്‍ , പുല്‍ക്കൊടികള്‍ എല്ലാം ആരെയൊക്കെയോ കാണുവാന്‍ വേണ്ടി പൂക്കള്‍ പൊഴിച്ച് നില്‍ക്കുന്നു . കടുത്ത ശൈത്യത്തിനു ശേഷം ഇവിടെ ഞങ്ങള്‍ക്കിപ്പോള്‍ പൂക്കാലമാണ് . പൂക്കള്‍ വിടരുന്ന ഈ വേളയില്‍ നാടിന്റെയും വീടിന്റെയും മധുരമുള്ള ചില ഓര്‍മ്മകളോട് കൂടി ഞങ്ങള്‍ ഇവിടെ സന്തുഷ്ടരാണ് . എല്ലാവര്‍ക്കും വിഷു ആശംസകള്‍ . കണികള്‍ കാണാന്‍ മറക്കല്ലേ !!




