കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ തോന്ന്യാശ്രമത്തില്‍ ഞാന്‍
എന്തുകൊണ്ട് ബ്ലോഗുന്നു എന്നൊരു തലേക്കെട്ടില്‍ ഒരു ചോദ്യ ചിഹ്നം (?)മാത്രമിട്ട് ഒരു പോസ്റ്റ് ഇടുകയുണ്ടായി .
ധാരാളം പ്രശസ്ത ബ്ലോഗര്‍മാര്‍ അതില്‍ അഭിപ്രായങ്ങള്‍ പറഞ്ഞു . ആ ചോദ്യത്തിന് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല . സത്യത്തില്‍ നമ്മള്‍ എന്തിനാണ് ബ്ലോഗുന്നത് ? അല്ലെങ്കില്‍ ബ്ലോഗര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത് .
KPS താഴെ ചോദിക്കുന്നത് പോലെ ബ്ലോഗര്‍ , ബ്ലോഗ് എന്നൊക്കെയുള്ള വാക്കുകള്‍ക്ക് എന്താണ് അര്‍ഥം ?
ഒരു പേര്‍സണല്‍ ഡയറി മാത്രമായിരുന്ന ബ്ലോഗ് ഇന്നൊരു മാധ്യമമായി വളര്‍ന്നിരിക്കുന്നു . ബ്ലോഗില്‍ കൂടി പലരും മുഖ്യ മാധ്യമങ്ങളിലേക്ക് വളര്‍ന്നു പന്തലിച്ചു .ഞാന്‍ ബ്ലോഗില്‍ അടുത്ത മാസം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കും . ഒരു രസത്തില്‍ തുടങ്ങി ഇപ്പോള്‍ ഒരു ദിവസം എന്തെങ്കിലും എഴുതിയില്ലെങ്കില്‍ ഒരു വല്ലായ്മ പോലെയാണ് . ഞാന്‍ ബൂലോകത്ത് വന്നത് കൊണ്ട് പലതും നേടി . കുറച്ച് നല്ല സുഹൃത്തുക്കള്‍ , ധാരാളം ശത്രുക്കള്‍ , നിഴല്‍ ചിത്രങ്ങള്‍ എന്ന എന്‍റെ ഗവിത പുസ്തകം , അതില്‍ കൂടുതലായി എനിക്കും എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന തോന്നല്‍ . ദിവസവും എത്ര പേരുടെ ചീത്ത വിളികള്‍ . ഞാന്‍ വിളിച്ച ചീത്തകള്‍ . അതൊക്കെ ഇതുവരെ ഓരോരോ തമാശയായേ കണ്ടിട്ടുള്ളു . ബൂലോകത്തെ പലരെയും നേരില്‍ കണ്ടിട്ടില്ല എങ്കില്‍ തന്നെയും അവരുമായി ആശയ സംവേദനം , തമ്മില്‍ തല്ല് ഇതൊക്കെ ബ്ലോഗിലെ രസങ്ങള്‍ ആയി മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു . ഇതൊന്നും ഇല്ലെങ്കില്‍ എന്ത് ബ്ലോഗ് .പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതെല്ലാം നിര്‍ത്തി പോയാലോ എന്ന് . എന്നാലും എന്നെ ഈ ബൂലോകത്ത് തളച്ചിടുന്നത് എന്താകും .അറിയില്ല . എന്തോ ഒരു ശക്തി . അതെന്നില്‍ ഉള്ള കാലത്തോളം ഞാന്‍ ഇങ്ങനെ തന്നെ ഈ ബൂലോകത്ത് ഉണ്ടാകും .
വീണ്ടും ഒരു ചോദ്യ ചിഹ്നവുമായി ഞാന്‍ നിങ്ങളിലേക്ക് . എന്തുകൊണ്ട് ബ്ലോഗുന്നു ? ചില പ്രധാന കമെന്റുകള്‍ മാത്രം താഴെ കൊടുക്കുന്നു . നിങ്ങള്‍ക്കും എന്തെങ്കിലും പറയുവാനായി ഉണ്ടാകും .
നിങ്ങള്‍ എന്തുകൊണ്ട് ബ്ലോഗുന്നു ???
കാവലാന്‍ said…
ദേഷ്യം വരുമ്പോള്‍
സങ്കടം വരുമ്പോള്‍
സന്തോഷം വരുമ്പോള്‍
പിന്നെ ചിലപ്പോഴൊക്കെ ചുമ്മാ കീബോഡില്‍ തിരുപ്പിടിച്ചിരിക്കുമ്പോള്‍ എവിടന്നോ വരുന്ന കുറേ വാക്കുകള്‍ അറിയാതെ കൂടിച്ചേര്‍ന്ന വാചകങ്ങള്‍….
പിന്നെ വൈ ? എന്തു കൊണ്ട് എന്നാണു ചോദ്യമെങ്കില്‍ അതിനുത്തരം എനിക്കറിയില്ല മിസ്റ്റര്‍ കാപ്പില്‍സ്,
അതറിയണമെങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം,കോടിക്കണക്കിനു ദരിദ്രരുടെ ഇന്ത്യ….കാപ്പില്‍സിന്റേയും കുറേ മൂപ്പിലാമ്മാരുടേയും ഇന്ത്യ……
ഹൗ കിതപ്പ് ……
ആ (മമ്മൂക്കെയ് കിംഗി ല്) മൂപ്പര് ഡയലോഗ് മുയ്മന്‍ എങ്ങനെ പറഞ്ഞൊപ്പിച്ചോ എന്തോ !!!!!!
Tuesday, May 13, 2008
നന്ദു said…
കാപ്പിലാന് ആകെ ചിലവായത് ഒരു ക്വസ്റ്റ്യൻ മാർക്ക്!.. കമന്റുന്നവർക്കോ ടൺ കണക്കിനെഴുതാനുണ്ടാവും.. കമ്പ്യൂട്ടർ കണ്ട കാലം മുതൽ ദാ ഈ കാപ്സിന്റെ ക്വസ്റ്റ്യൻ മാർക്ക് വായിച്ചതു (അതോ കണ്ടതോ?) വരെയുള്ള കാര്യങ്ങൾ..!
മനസ്സിലുള്ള ആശയങ്ങളെ പേടികൂടാതെ പകർത്തിയിടാനൊരിടം അതിലുപരി ഞാൻ ഒന്നും ചിന്തിച്ചില്ല ബ്ലോഗ് തുടങ്ങിയപ്പോൾ.. അതിനാലെന്താ ചുളുവിൽ “ഹിന്ദു തീവ്രവാദി” വരെയായിക്കിട്ടി!!.
ഇനി ചാനലുകാർ ചോദിക്കുമ്പോലെ ഒരു കുസൃതി ചോദ്യമാണെങ്കിൽ! ഉത്തരം : കീ ബോഡൂം മൌസും മോണിറ്ററും ഒക്കെ ഉപയോഗിച്ച് പി.സി വഴി ഡി. എസ്ല്. എൽ കണക്ഷന്റെ യും ബ്ലോഗ്ഗർ ഡോട്ട് കോമിന്റെയും സഹായത്തോടെ ബ്ലോഗുന്നു!
Tuesday, May 13, 2008
Visala Manaskan said…
വായിക്കാനും എഴുതാനും ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് ബ്ലോഗുന്നു.
പിന്നെ ഞാന്‍ ബ്ലോഗില്‍ എഴുതിയത് കൊണ്ടല്ലേ അമേരിക്കായിലിരിക്കും ഈ കാപ്പിലാന്‍ സാറിനെ ഞാന്‍ പരിചയമായേ??
Tuesday, May 13, 2008
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said…
O.T.
കോഴിക്കോട് ബ്ലോഗ് അക്കാദമിയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കവേ ഒരു ലേഖകന്‍ ഇങ്ങനെ ചോദിച്ചു : “ നിങ്ങള്‍ എന്താ ഈ ബ്ലോഗുക , ബ്ലോഗുന്നവന്‍ പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ? കേള്‍ക്കുമ്പോള്‍ ഒരശ്ലീലച്ചുവയുണ്ടല്ലോ?” എന്ന് . മലയാളഭാഷയില്‍ പുതിയ പദങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അതേസമയം ഇംഗ്ലീഷിലുള്ള ഏറ്റവും പുതിയ സാങ്കേതികപദങ്ങള്‍ക്ക് പോലും തമിഴില്‍ തത്തുല്യമായ വാക്കുകള്‍ തല്‍ക്ഷണം ഭാഷയില്‍ ചേര്‍ക്കപ്പെടുന്നുണ്ടെന്നും ഞാന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആ ലേഖകന്റെ പ്രസ്തുത ചോദ്യം . ഭാഷ വളര്‍ത്തേണ്ട ചുമതല ബ്ലോഗ്ഗേര്‍സില്‍ മാത്രം അടിച്ചേല്‍പ്പിക്കരുതെന്നും നമ്മളെല്ലാം അതിന് വേണ്ടി പരിശ്രമിക്കാന്‍ ബാധ്യതപ്പെട്ടവരാണെന്നും പറഞ്ഞ് ഞാന്‍ ആ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു . എന്നാല്‍ ആ ചോദ്യം ഇപ്പോഴും എന്നെ അലട്ടുന്നു . എന്ത് കൊണ്ട് നമുക്ക് തമിഴരെപ്പോലെ മലയാളത്തിലും മാന്യമായ പദങ്ങള്‍ കണ്ടെത്തി ഭാഷയെ സമ്പുഷ്ടമാക്കാന്‍ കഴിയുന്നില്ല ?
Tuesday, May 13, 2008
അങ്കിള്‍ said…
സീരിയസ്സായി എഴുതിയ പോസ്റ്റാണെന്ന് ധരിച്ച എന്റെ ശേഖരം കൂടി ഇവിടെ പകര്‍ത്തുന്നു.
ബ്ലോഗ്ഗ്:
എന്താണത്? ആശയപ്രകാശനത്തിനുള്ള ഒരു മാദ്ധ്യമമാണ് എന്നു പറഞ്ഞ് നിര്‍ത്തിയാല്‍, ഒന്നും മനസ്സിലാകില്ല. അതു കൊണ്ട് നാലുപേരറിയുന്ന, മനസ്സിലാക്കിക്കഴിഞ്ഞ, മറ്റു മാദ്ധ്യമങ്ങളുമായി തട്ടിച്ചു നോക്കി ഒരു താരതമ്യം നടത്തിയാലേ, കേള്‍വിക്കാര്‍ക്ക് ബ്ലോഗിന്റെ പ്രാധാന്യവും, അന്തസത്തയും മനസ്സിലാകൂ.
ബ്ലോഗിനെപറ്റി ഞാനിനി പറയാന്‍ പോകുന്ന വാചകങ്ങളൊന്നും എന്റേതല്ല. പലരുടേയും ബ്ലോഗില്‍ നിന്നും കടം കൊണ്ടതാണ്. എന്നാല്‍ ഈ ആശയങ്ങളോടെല്ലാം എനിക്കും യോജിപ്പുണ്ട്. ആരെല്ലാമാണ് ഏതു ബ്ലോഗിലാണ് ഇതെഴുതിയതെന്ന് കൂറിച്ചു വക്കുവാന്‍ വിട്ടു പോയി. ഇങ്ങനെയൊരു ആവശ്യം വരുമെന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.
———————————————————
മലയാളഭാഷയുടെ ചരിത്രത്തില്‍ ഈ ദശാബ്ദം രേഖപ്പെടുത്താന്‍ പോവുന്ന ഏറ്റവും വലിയ സംഭവമാണ് ബ്ലോഗിങ്ങ് എന്ന പുതിയ മാദ്ധ്യമരീതി. ബലമായി വായ് മൂടിക്കെട്ടപ്പെട്ടിരുന്ന കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് ലോകത്തോടു മുഴുവനും തങ്ങളുടെ തന്നിഷ്ടം പോലെ സ്വന്തം ഭാഷയില്‍ പറയാനുള്ളത് പറയാനും എഴുതാനുള്ളത് എഴുതാനും ആദ്യമായി അവസരം കൈവന്നിരിക്കുകയാണിപ്പോള്‍. ഈ കുത്തൊഴുക്കില്‍ ഇളകിയാടാന്‍ പോവുന്നത് ദ്രവിച്ചുമുടിഞ്ഞുകൊണ്ടിരിക്കുന്ന മറ്റുമാദ്ധ്യമങ്ങളുടെ നാരായവേരുകളാണ്.
———————————————————–
ബ്ലോഗ് നല്‍കുന്നത് സീമാതീതമായ ആശയപ്രകാശന സൌകര്യമാണ്.
സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും അത് ഭയമില്ലാതെ പ്രകടിപ്പിക്കുന്നവരുടെയും പ്രതലമാണു് ബ്ലോഗ്.
മറ്റെല്ലാതരം എഴുത്തു പോലെ ബ്ലോഗ്ഗും ആത്മാവിഷ്കാരമാണ്. ഇവിടെ ബ്ലോഗ്ഗര്‍ തന്നെയാണ് എഡിറ്റര്‍ . ഓരൊ ബ്ലോഗ്ഗറും അവര്‍ക്കുള്ള സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ ബ്ലോഗ്ഗിനെ ഉപയോഗിക്കുന്നു.
————————————————————
ഒരു പാട് മലയാളികള്‍ക്ക് ആശയപ്രകാശനത്തിനും, സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനും പങ്കു വയ്ക്കാനും ഉള്ള മാധ്യമം എന്ന നിലയ്ക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, ആരോഗ്യ രംഗങ്ങളേക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചകള്‍ നടക്കുന്നതുമായ ഒരു വേദിയെന്ന നിലയ്ക്കും നില കൊള്ളുന്നതാണ് മലയാളം ബ്ലോഗുകള്‍
———————————————-
ബ്ലോഗ് തുടങ്ങുന്ന ഒരാള്‍ എന്തെഴുതണം എന്നു തീരുമാനിക്കുന്നതും എഴുതിത്തുടങ്ങുന്നതും അയാളുടെ ഏകാന്തതയില്‍ സ്വയം നടത്തുന്ന പര്യവേഷണങ്ങള്‍ക്കൊടുവിലാണ്. മറ്റൊരാളുടെ ഇടപെടലില്ലാതെ-എന്നതാണ് ഇതിന്റെ ത്രില്ല്. എനിക്കു തോന്നിയത് ഞാനെഴുതുന്നു പബ്ളിഷ് ചെയ്യുന്നു. അത് എന്തു തരംഗമുണ്ടാക്കുന്നു എന്നു കാത്തിരുന്നു കാണുന്നതിലാണ് ത്രില്ല്. അതാണ് ബ്ലോഗിങ്ങിന്റെയും ത്രില്ല്.
———————————————
എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള തുറന്ന സംവാദം നടക്കുന്നു എന്നതാണ് ബ്ലോഗിങ്ങിന്റെ ആത്മാവ്. പല ആശയങ്ങളും ബ്ലോഗ് പോസ്റ്റു ചെയ്യുന്ന ആളില്‍ നിന്നും വളര്‍ന്ന് വായനക്കാരിലൂടെ പൂര്‍ണ്ണതയിലെത്തുന്ന ഒരു പ്രത്യേക കൂട്ടായ്മ – അതാണ് ബൂലോകം.
നല്ല പോസ്റ്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും, ചെയ്യുന്ന ഒരു സമൂഹമാണ് ഈ ബൂലോകം.
എത്രയോ നല്ല നല്ല എഴുത്തുകാര്‍. പല പോസ്റ്റുകളും പ്രിന്റ് മീഡിയയില്‍ വരുന്ന കഥ/കവിത – കളേക്കാള്‍ നിലവാരം ഉള്ളവ
——————————————————
ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി മറ്റെല്ലാവരും തെറ്റാണ് എന്ന മുഖ്യധാരാ മാധ്യമ സംസ്കാരത്തില്‍ ഒരു പക്ഷേ ചോദ്യം ചെയ്യപ്പെടാത്ത ഈ നിലപാട് ബ്ലോഗില്‍ വിലപോവില്ലല്ലോ. കൊടുക്കുന്നവന്‍ വാങ്ങാനും തയ്യാറായിരിക്കണം എന്നതാണ് ബൂലോക തത്വം
————————————–
ഓരോ സൃഷ്ടിയെ പറ്റിയും വായിക്കുന്നവര്‍ തല്‍ക്ഷണം പ്രതികരിക്കുന്നു. നല്ലതിനെ നല്ലതെന്നും മോശമായതിനെ മോശമായി എന്നും പറയുന്നു. അഭിപ്രായം പറയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കേണ്ട കാര്യമില്ല.
———————————————
ഭാര്യയും ഭര്‍ത്താവും, മാതാവും പിതാവും, ജ്യേഷ്ടനും അനുജനും, അനുജത്തിയും ജ്യേഷ്ടത്തിയും, ആങ്ങിളയും പെങ്ങളും ഒക്കെ ഒരുമിച്ചിരിന്ന് എഴുതുകയും വായിക്കുകയും ചെയ്യുന്ന, മറന്ന വായന കുറേശ്ശെയെങ്കിലും തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കുന്നതും ആണ് ബ്ലോഗ്
——————————————–
അനോനിമസം ബ്ലോഗിങ്ങിന്റെ ആത്യന്തികമായ സാധ്യതയാണ്.
പേരു വെളിപ്പെടുത്തേണ്ട ബാധ്യത ഇല്ല എന്നതു് ബ്ലോഗിന്റെ സാധ്യതയാണു്
————————————————
സമൂഹത്തിലെ ചെറു ചലനങ്ങളെ വരെ തങ്ങളുടേതായ രീതിയില്‍ വിശകലനം ചെയ്ത് ബ്ലോഗിലെത്തിച്ച് ബൂലോകത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളായി നില്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ ഒരു തരത്തിലുള്ള ഗിമ്മുക്കുകളും കാട്ടാതെ തങ്ങളുടെ ബ്ലോഗുകളുമായി ബൂലോകത്ത് നിറഞ്ഞു നില്‍ക്കുന്നുണ്ട്.
———————————————————–
അതായത് പ്രിന്റഡ് മീഡിയയില്‍ എഴുതുന്നവരും, വരയ്ക്കുന്നവരും ഉള്‍പ്പെടെ മലയാളം ബ്ലോഗിംഗിലും സജീവമായി പങ്കെടുക്കുന്നുണ്ട് എന്നും, ഒരു സമാന്തരമാധ്യമമായി മലയാളം ബ്ലോഗ് വളര്‍ന്നു കഴിഞ്ഞു എന്നുമുള്ള വസ്തുതകള്‍ മറക്കാന്‍ കഴിയില്ല.
——————————————–
ആനുകാലികങ്ങള്‍ പ്രിന്റെടുക്കാനും പ്രചരിപ്പിയ്ക്കാനും അവസരം വന്ന മുറയ്ക്കിന്നുവരെ ലോകത്തിലെത്ര ആനികാലികങ്ങള്‍ വന്നുപോയി? എത്രയെണ്ണം നിലനില്‍ക്കുന്നുണ്ട്?അതൊക്കെ തന്നെ ബ്ലൊഗിങ്ങിലും നടക്കും. കാമ്പുള്ള ആനുകാലുകങ്ങളും കാമ്പുള്ള ബ്ലോഗുകളും നിലനില്‍ക്കും. പക്ഷേ ബ്ലൊഗിങ്ങ് നമുക്ക് പ്രത്യേകമായി തരുന്ന ഒരു സൌജന്യമുണ്ട്. ഒരുതരം ഉന്മത്തമാക്കുന്ന അരാജകത്വം.സ്വന്തം പേരിലായാലും അനോണിയായായാലും തുറന്ന് പറയാന്‍ ആരുടേയും മുഖത്തേയ്ക്ക് നോക്കേണ്ടി വരുന്നില്ലെന്ന ധൈര്യം. ചിതലെടുത്ത് പോവൂല്ല എന്ന സമാധാനം. എല്ലാത്തിനുമുപരിയായി എഴുത്തിന്റെ ധനകാര്യം /വിറ്റുപോകുമോ എന്ന പേടി ഇല്ലാതെ തന്നെ എഴുതാനുള്ള സ്വാതന്ത്ര്യം.
അതുകൊണ്ട് ഈ ബ്ലൊഗിങ്ങ് ബ്ലൊഗിങ്ങ് എന്ന് പറയുന്ന സമാന്തരമായ വായനാ, എഴുത്ത് സംസ്കാരത്തെ എല്ലാവനും ഭയത്തോടെ ഉറ്റുനോക്കുന്നു എന്നുള്ളത് സത്യം.
—————————————
ഇത്രയും കാലം അച്ചടി മാധ്യമത്തില്‍ അവരെഴുതുന്നത് കണ്ണുമടച്ചു വായിക്കുന്ന ഒരു തരം പ്രവണത ആയിരുന്നു. എന്നാല്‍ ഇന്ന് വിവരസാങ്കേതിക വിദ്യയുടെ വരവോടെ അവരുടെ എകാധിപത്യപത്തിനു തിരശ്ശീല വീണുകൊണ്ടിരിക്കുന്നു. ബ്ലോഗു പോലുള്ള സമാന്തര മാധ്യമ പ്രസ്ഥാനങ്ങള്‍ക്കു വളരെയധികം പ്രചാരം ഇത്തരം അച്ചടി മാധ്യമങ്ങള്‍ നല്‍കാത്തതിന്റെ കാരണവും ഇതു തന്നെയാണ്‍.
തങ്ങളെഴുതുന്ന നുണകളും മറ്റും അതേപടി വിഴുങ്ങുന്ന കാലം കഴിഞ്ഞു പോയി
അമേരിക്കയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഇന്ന് ജനങ്ങള്‍ പത്രത്തോടൊപ്പം തന്നെ ബ്ലോഗുപോലുള്ള സമാന്തരമാധ്യമങ്ങള്‍ ഉപയ്യോഗിക്കുന്നു എന്നാണ്‍ കണക്ക്.
——————-
ഇനിയുമുണ്ട് ശേഖരം. അത് ഇനിയൊരവസരത്തില്‍.
മാറുന്ന മലയാളി said…
പറയാന്‍ കൊതിച്ചതിനെ അക്ഷരങ്ങളാക്കി കോറിയിടുമ്പോള്‍ കിട്ടുന്ന സന്തോഷം…….
തന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കുവാന്‍ എവിടെയൊക്കെയോ അരൊക്കെയോ ഉണ്ട് എന്ന തോന്നല്‍ ഉണര്‍ത്തുന്ന നിര്‍വൃതി…..
നിര്‍ഭയത്തോടെ ചിന്തകള്‍ പങ്കുവയ്ക്കാന്‍ ഒരിടം….
ഇതിനൊക്കെ വേണ്ടി ഞാനും ഒരു ബ്ലോഗര്‍ ആയി



Dear Lal,
ബ്ലോഗിന് വ്യക്തിപരമായി ഇന്ന് ഒരു പ്രസക്തിയും ഞാന്‍ കാണുന്നില്ല, ബ്ലോഗില്‍ പ്രതീക്ഷയും ഇല്ല. ആരോടെങ്കിലുമായി ചില കാര്യങ്ങള്‍ പറയണമെന്നുണ്ടായിരുന്നു. അതൊക്കെ പറഞ്ഞു കഴിഞ്ഞു. അതിന്റെ പേരില്‍ കുറച്ചു ശത്രുക്കളും കുറെ മിത്രങ്ങളും ഉണ്ടായി, ചിലരെ നേരില്‍ കാണാനും കഴിഞ്ഞു. ഇത് ബ്ലോഗ് കൊണ്ട് ലഭിച്ച നേട്ടം തന്നെ. ഇപ്പോഴും ബ്ലോഗ് വായിച്ച് ചിലര്‍ വിളിക്കാറുമുണ്ട്. വെറും നെറ്റിന്റെ ചിലവ് കൊണ്ട് ഇത്രയും സാധിച്ചത് അനുഗ്രഹം തന്നെയെന്ന് പറയാതിരിക്കാന്‍ വയ്യ.
നമ്മള്‍ മഹാസാഹിത്യകാരന്മാര്‍ ഒന്നുമല്ലല്ലൊ. പറയാനുള്ളത് വളച്ചുകെട്ടില്ലാതെ ബ്ലോഗില്‍ പറയുന്നു എന്ന് മാത്രം. മിക്കവരും രണ്ടോ മൂന്നോ വര്‍ഷം ബ്ലോഗില്‍ സജീവമായതിന്ശേഷം പിന്നീട് മിണ്ടാതിരിക്കുന്നതാണ് കാണുന്നത്. അത്രയേ ബ്ലോഗ്ഗര്‍ ആയുസ്സ് ഉള്ളൂ എന്ന് തോന്നുന്നു. ബ്ലോഗിലെ ശത്രുതയില്‍ കാര്യമില്ല, അത് ക്ഷണികമാണ് എന്നാല്‍ സൌഹൃദം നിലനില്‍ക്കും എന്ന് എനിക്ക് ബോധ്യപ്പെട്ടുണ്ട്.
തല്‍ക്കാലം ഒരു മടുപ്പ് എനിക്കുണ്ട്. ഇന്നലെ ബ്ലോഗ് മതിയാക്കി എന്ന് ഞാന്‍ തീരുമാനിച്ചതായിരുന്നു. ഇന്ന് കാപ്പിലാന്റെ ഈ ബ്ലോഗില്‍ കമന്റ് എഴുതുന്നു. നാളെ നമ്മുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും എന്ന് ഇന്ന് പറയാന്‍ കഴിയില്ല.
ഞാന്‍ കാപ്പിലാനെ ദിവസവും വായിക്കുന്നുണ്ടായിരുന്നു. ഈയ്യിടെയുണ്ടായ ചില കോലാഹലങ്ങളില്‍ സന്തുഷ്ടനല്ലായിരുന്നു. എന്നാലും എന്തോ കാപ്പിലാന്‍ ശൈലിയില്‍ ഒരിഷ്ടവും തോന്നാറുണ്ട്. ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ രണ്ട് വാക്ക് എഴുതാമെന്ന് തോന്നി. നീണ്ടു പോയോ എന്തോ..
സുകുമാരേട്ടന് നന്ദി . മനസ് തുറന്നു അല്പം കാര്യങ്ങള്‍ പറഞ്ഞതില്‍ അതിലേറെ സന്തോഷം . നമുക്ക് പറയുവാനുള്ള കാര്യങ്ങള്‍ ഭയാശങ്കകള്‍ കൂടാതെ തുറന്നെഴുതണം . പക്ഷേ ഇന്ന് പലര്‍ക്കും ഭയമാണ് കാരണം തനിക്ക് ചുറ്റും നില്‍ക്കുന്ന വാല്‍ നക്ഷത്രങ്ങള്‍ ശുഷ്കിച്ചു പോകുമോ എന്ന ഭയം . എന്നാല്‍ എന്നില്‍ ആ വക ചിന്തകള്‍ ഭരിക്കാതെ ഇരിക്കുന്ന കാലത്തോളം തെറ്റ് എന്നെനിക്ക് ബോധ്യമുള്ള കാര്യങ്ങള്‍ ആരുടെ മുന്‍പിലും തുറന്നു പറയും . അതില്‍ എന്‍റെ നഷ്ടങ്ങള്‍ ഞാന്‍ കണക്കിടുന്നില്ല . എനിക്ക് അങ്ങനെ എഴുതാന്‍ കഴിയാതിരിക്കുന്ന കാലത്ത് ഞാന്‍ ബ്ലോഗ് നിര്‍ത്തും .
വായിച്ച എല്ലാ മാന്യ ദേഹങ്ങള്‍ക്കും നന്ദി .
എന്തിനു ബ്ലോഗുന്നു എന്ന ചോദ്യം അപ്രസക്തം കാപ്പു…
മറ്റുള്ളവരുടെ പ്പോസ്റ്റുകളിലുള്ള അനാവശ്യ ഇടപെടലുകൾ നിർത്തി ബ്ലോഗ് ചെയ്യൂ കാപ്പൂ ആശംസകൾ:):)
Man is a social animal എന്ന് പഠിച്ചിട്ടില്ലേ ചാണക്യ ? അച്ചടി മാധ്യമത്തില്‍ വരുന്ന കാര്യങ്ങളെ ബ്ലോഗുകളില്‍ വിമര്‍ശിക്കാറില്ലേ . അതല്ലാതെ ബ്ലോഗില്‍ മറ്റ് വിലപിടിച്ച കാര്യങ്ങള്‍ ഒന്നും വരാറില്ല . അപ്പോള്‍ ഒരാളിന്റെ ബ്ലോഗിലെ കാര്യങ്ങളെ മറ്റൊരാള്‍ വിമര്‍ശിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നതിലെ പാകപ്പിഴകള്‍ എന്താണ് എന്ന് പറഞ്ഞാല്‍ കൊള്ളാം .
മനപൂർവ്വം ആളെ വടിയാക്കണം എന്ന ഉദ്ദേശത്തോടെ പോസ്റ്റുകൾ തട്ടിക്കൂട്ടുന്നവർക്ക് മറുപടി കൊടുത്ത് സമയം കളയല്ല് എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. ആശയപരമായ സംഘർഷം നന്ന്, പക്ഷെ വ്യക്തിപരമായ സംഘർഷങ്ങൾ ഒഴിവാക്കണം. ഇത് പറഞ്ഞൂന്ന് കരുതി എന്നോട് മെക്കിട്ട് കേറാൻ വരല്ല്:):)
അവഗണിക്കേണ്ടതിനെ അവഗണിക്കുക തന്നെ വേണം, അവഗണന അർഹിക്കുന്നവരെ കാര്യത്തിലെടുക്കുന്നത് കാപ്പൂനെ പോലെയുള്ള ബ്ലോഗർക്ക് ആശാസ്യമല്ല എന്ന് തന്നെ പറയുന്നു. അനാവശ്യ എടുത്ത് ചാട്ടം ഒഴിവാക്കുക.:):)
കപ്പിലാന്‍ ഇതു എനിക്കും പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്…. പിന്നെയെന്തൊ വേണ്ടെന്നു വെച്ചു.